
ബംഗളുരു: മറ്റു പാർട്ടികളെ പിളർത്തുകയോ കൂറുമാറ്റുകയോ ചെയ്യുന്നതിൽ അസാധാരണ സാമർഥ്യം കാട്ടുന്ന പാർട്ടിയാണ് ബിജെപി. ഓപ്പറേഷൻ താമര ഏറെ കുപ്രസിദ്ധമാണ്. എന്നാൽ കർണ്ണാടകത്തിൽ സംഭവിച്ചത് നേരെ മറിച്ചാണ്. ഈയ്യിടെ നടന്ന നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ നാലുസീറ്റുകളിലാണ് ഭരണകക്ഷിയായ കോൺഗ്രസ്സ് ജയിക്കേണ്ടിയിരുന്നത്. എന്നാൽ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി ക്രോസ് വോട്ടിങ്ങിലൂടെ വിജയിപ്പിച്ചത് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ കുശാഗ്രബുദ്ധിയായി കരുതപ്പെടുന്നു. എംഎൽഎമാരാണ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. 224 അംഗ നിയമസഭയിൽ ഭരണകക്ഷിയായ കോൺഗ്രസിന് 136 അംഗങ്ങളുണ്ട്. ഒരു അംഗമുള്ള എസ് കെ പിയും മൂന്ന് സ്വതന്ത്രരും ചേർന്ന് കോൺഗ്രസിന് ആകെ 140 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷ മുന്നണിയായ എൻഡിഎയ്‌ക്ക് (ബിജെപി- 63,ജെഡിഎസ്സ്-18,സ്വതന്ത്രൻ ഒന്ന് ) 82 പേരുടെ പിന്തുണയുണ്ട് . ഏഴ് എംഎൽസി സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഒരു സ്ഥാനാർത്ഥിയ്‌ക്ക് ജയിക്കാൻ 28 എംഎൽഎമാരുടെ ഫസ്റ്റ് പ്രിഫറൻസ് വോട്ടുകളാണ് വേണ്ടിയിരുന്നത്. കോൺഗ്രസ്സ് അഞ്ചും ബിജെപി രണ്ടും ജെഡിഎസ്സ് ഒരു സ്ഥാനാർത്ഥിയെയും നിർത്തിയിരുന്നു. ജെഡിഎസ് സ്ഥാനാർത്ഥി ജയിച്ചില്ലെന്ന് മാത്രമല്ല പകരം ക്രോസ് വോട്ടിങ്ങിലൂടെ കോൺഗ്രസ്സിന്റെ അഞ്ചാമത്തെ സ്ഥാനാർത്ഥി ജയിച്ചുകയറുകയും ചെയ്തു. പതിനൊന്നോളം ബിജെപി, ജെഡിഎസ് എംഎൽഎമാർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയ്‌ക്ക് വോട്ടുചെയ്തതായാണ് സംശയിക്കപ്പെടുന്നത്. ഒരു ബിജെപി എംഎൽഎയുടെ വോട്ട് അസാധുവായിട്ടുണ്ട്. രഹസ്യവോട്ടിങ് ആയതിനാൽ ആരാണ് കൂറുമാറി വോട്ടുചെയ്തതതെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. 7 ബിജെപി അംഗങ്ങളും 4 ജെഡിഎസ്സ് അംഗങ്ങളും കൂറുമാറി വോട്ടുചെയ്തിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ബിജെപിയിൽ വൻ കോളിളക്കമാണ് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് ബംഗളുരു ഹെബ്ബാളിലെ പ്രസ്റ്റീജ് അപ്പാർട്ട്മെന്റിൽ മൂന്ന് കോൺഗ്രസ് നേതാക്കളും ചില ബിജെപി എംഎൽഎമാരും ചേർന്ന് രഹസ്യകൂടിക്കാഴ്ച നടത്തുന്നതായി ശ്രദ്ധയിൽ പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനായ ഒരു പ്രമുഖൻ അക്കാര്യം മുൻമുഖ്യമന്ത്രി സദാനന്ദഗൗഡയെ അറിയിച്ചു. അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്രയുമായും പ്രതിപക്ഷ നേതാവ് ആർ അശോകുമായും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ പ്രതികരിച്ചില്ല. തുടർന്ന് അദ്ദേഹം ഒരു ജനറൽ സെക്രട്ടറിയെ വിളിച്ച് വിവരം അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. സദാനന്ദഗൗഡയാണ് ഒരു പ്രമുഖ ടിവി ചാനൽ പ്രതിനിധിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതായത് ക്രോസ്സ് വോട്ടിങ്ങിനെ കുറിച്ച് ചില ബിജെപി നേതാക്കൾക്ക് ആദ്യമേ അറിയാമായിരുന്നെന്നാണ് തെളിയുന്നത്. കൂട്ടുകക്ഷിയായ ജെഡിഎസ്സിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ചില ബിജെപി നേതാക്കൾ കൂട്ടുനിന്നതായാണ് സംശയിക്കപ്പെടുന്നത്. ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ കൂറുമാറ്റ വോട്ടിങ് കാരണമായിട്ടുണ്ട്. സി ടി രവി എംഎൽസി, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ മഹേഷ്, ഹുബ്ബള്ളി -ധാർവാഡ സെൻട്രൽ എം എൽഎ മഹേഷ് തെങ്ങിനക്കായ് എന്നീ മൂന്ന് അംഗങ്ങൾ അടങ്ങുന്ന സമിതിയെ ബിജെപി അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ബിജെപി നിയമസഭാകക്ഷി യോഗം ധർമ്മസ്ഥലയിൽ വിളിച്ചുചേർത്ത് എംഎൽഎമാരെകൊണ്ട് മഞ്ജുനാഥ സ്വാമിയുടെ മുന്നിൽ സത്യം ചെയ്യിക്കാനുള്ള സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്രയുടെ നിർദ്ദേശം മുതിർന്ന നേതാക്കൾ അംഗീകരിക്കുന്നില്ല. ധർമ്മസ്ഥലയിലെ ആരാധനാമൂർത്തിയായ മഞ്ജുനാഥസ്വാമിയെ രാഷ്ട്രീയ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നല്ല പ്രവണതയല്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജെഡിഎസ്സിന്റ സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ(2028 ) കർണാടകഭരണം തിരിച്ചുപിടിക്കാൻ കരുക്കൾ നീക്കുന്ന ബിജെപി ദേശീയ നേതൃത്വം കട്ട കലിപ്പിലാണ്. കൂറുമാറി വോട്ടുചെയ്ത എംഎൽഎമാർ ആരാണെന്ന് കണ്ടെത്താൻ ദേശീയ നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. വിജയേന്ദ്ര, അശോക് എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ അധ്യക്ഷൻ നിതിൻ നബിനും കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാളും വിശദീകരണം തേടിയിരുന്നു. പാർട്ടി ചീഫ് വിപ്പ് ഡി എച്ച് പാട്ടീലും കൗൺസിൽ വിപ്പ് രവികുമാറും വിജയേന്ദ്ര, അശോക് എന്നിവരോടൊപ്പം ഡൽഹി യോഗത്തിൽ പങ്കുകൊണ്ടിരുന്നു. കൂറുമാറി വോട്ടുചെയ്തവരെ കണ്ടെത്തി അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ദേശീയനേതൃത്വം ഒരുങ്ങുന്നത്.
Photo Courtesy - Google










